
ദോഹ: കാട്ടുതീ രൂക്ഷമായ സ്പെയിനിലേക്ക് അടിയന്തര സഹായവുമായി ഖത്തർ. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ പ്രത്യേക നിർദ്ദേശപ്രകാരം 'ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ്' രക്ഷാപ്രവർത്തനങ്ങൾക്കായി വ്യാഴാഴ്ച ദോഹയിൽ നിന്ന് സ്പെയിനിലേക്ക് പുറപ്പെട്ടു.ടോറെജോൺ വിമാനത്താവളത്തിലിറങ്ങിയ (Torrejon Airport) ഖത്തർ സംഘം പ്രാദേശിക ഭരണകൂടത്തോടൊപ്പം കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ദൗത്യങ്ങളിൽ ഉടൻ പങ്കാളികളാകും.
തീപിടുത്തങ്ങൾ നേരിടുന്നതിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച 129 അംഗ സംഘമാണ് ദൗത്യത്തിലുള്ളത്. സാങ്കേതികവും ലൊജിസ്റ്റിക്സുമായ മുഴുവൻ പിന്തുണയും ഖത്തർ സ്പെയിന് ലഭ്യമാക്കും. അത്യാധുനിക ഫയർഫൈറ്റിംഗ് വാഹനങ്ങൾ, ട്രക്കുകൾ, മറ്റ് സുരക്ഷാ ഉപകരണങ്ങൾ എന്നിവയ്ക്ക് പുറമെ, തീയണയ്ക്കാനുള്ള പ്രത്യേക ഹെലികോപ്റ്ററും അടിയന്തര ഘട്ടങ്ങളിൽ ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള (Evacuation) മറ്റൊരു ഹെലികോപ്റ്ററും സംഘത്തോടൊപ്പമുണ്ട്.
ദുരന്തമുഖങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ഉറ്റ സുഹൃദ് രാജ്യങ്ങൾക്ക് തണലാവുക എന്ന ഖത്തറിന്റെ പരമ്പരാഗത കാരുണ്യനയത്തിന്റെ തുടർച്ചയാണിത്. ജീവനുകൾ സംരക്ഷിക്കുന്നതിനും ദുരന്തങ്ങളോട് അതിവേഗം പ്രതികരിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് രാജ്യം നൽകുന്ന പൂർണ്ണ പിന്തുണയാണ് ഈ ദൗത്യത്തിലൂടെ വ്യക്തമാകുന്നത്.











